Monday, January 21, 2008

ആവര്‍ത്തനവിരസമീ ജീവിതം.

എല്ലാം പതിവുപോലെ... വല്ലാത്ത മടുപ്പ്‌ . കുറേ ദിവസങ്ങളായി ജീവിതം വല്ലാതെ മുഴിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസവും ഒന്നുപോലെ. പ്രത്യേകിച്ച്‌ കുറിക്കുവാനായി ഒന്നുമില്ല. എങ്കിലും ഞാന്‍ നിരാശനല്ല.

Tuesday, January 8, 2008

ആഗസ്റ്റ്‌ ഏഴ്‌( തിങ്കളാഴ്ച )

രാവിലെ മനോരമയില്‍ നിന്ന്‌ രഞ്ചിത്‌ വിളിച്ചു. വനിതക്കുള്ള മെറ്റീരിയല്‍ എത്രയും പെട്ടെന്ന്‌ കൊടുക്കുവാന്‍ പറഞ്ഞു. പിന്നീട്‌ മൂന്ന്‌ മണിവരെ സമയവും അനുവദിച്ച്‌ തന്നു ആ മഹാന്‍.

വിവേകിന്‍റെ അടുത്ത്‌ പോയി ഇന്നലെ എടുത്ത ഫോട്ടോസ്‌ സി.ഡി-യില്‍ റൈറ്റ്‌ ചെയ്ത്‌ വാങ്ങി. സന്തോഷും ഒപ്പം വന്നു. ഓഫീസിലെത്തി ഫോട്ടോസ്‌ വിസ്തരിച്ചു കണ്ടു. അവസാനം എടുത്തവ തന്നെയാണ്‌ നല്ല ഫീല്‍ നല്‍കുന്നത്‌. നല്ല ഊഷമളത അനുഭവപ്പെടുന്നുണ്ട്‌. പക്ഷേ എങ്ങനെ ഞാന്‍ ഈ വിവരം കെ.കെ -യോട്‌ പറയും. അദ്ദേഹത്തിന്‌ അനിയത്തിയുടെ മോള്‍ വരണമെന്ന ആഗ്രഹം ഉണ്ടാവില്ലേ...എന്നോട്‌ പ്രത്യേകം പറഞ്ഞതുമാണ്‌. മാത്രവുമല്ല ആ കുട്ടി അച്ചനും അമ്മയുമൊത്ത്‌ വളരെ താത്പര്യപൂര്‍വ്വം വരികയും ചെയ്തതാണ്‌. ഇനി അത്‌ വന്നില്ലെങ്കില്‍ അവള്‍ക്ക്‌ വിഷമം തോന്നില്ലേ? കഷ്ടകാലത്തിന്‌ ഞാന്‍ മറ്റൊരു കുട്ടിയെക്കൂടി വച്ച്‌ ഷൂട്ട്‌ ചെയ്തകാര്യം കെ.കെ-യോട്‌ പറഞ്ഞിട്ടുമില്ല. ഏതായാലും രണ്ട്‌ പേരേയും വച്ച്‌ വര്‍ക്ക്‌ ചെയ്ത്‌ ഓഫീസിലേക്ക്‌ അയച്ചു. സേവ്യറേട്ടനും ഇഷ്ടപ്പെട്ടത്‌ ഞാന്‍ പറഞ്ഞ വര്‍ക്ക്‌ തന്നെ. പക്ഷേ, കെ. കെ ...

ചൈതന്യ-യില്‍ നിന്ന്‌ മഞ്ചേഷേട്ടന്‍ വന്നു. വര്‍ക്കുകള്‍ കണ്ടു. അപ്രൂവ്‌ ചെയ്തത്‌ രണ്ടാമത്തെ വര്‍ക്ക്‌. എനിക്ക്‌ വിഷമമുണ്ട്‌. ഞാന്‍ കെ.കെ.യോട്‌ എന്ത്‌ പറയും? ആ കുട്ടിക്ക്‌ വിഷമം തോന്നില്ലേ? ഞാന്‍ രണ്ടാമത്തെ കുട്ടിയെ വച്ച്‌ എടുക്കാതിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ കൂട്ടിയെ അവര്‍ അംഗീകരിക്കുമായിരുന്നില്ലേ? ഞാന്‍ ആരായിരുന്നു അത്ര വലിയ പെര്‍ഫക്ഷന്‍ നോക്കാന്‍? എനിക്ക്‌ എന്നോട്‌ വെറുപ്പ്‌ തോന്നുന്നു.

രാത്രി ഏേറെ ആയിട്ടും ഞാന്‍ ഉറങ്ങിയിട്ടില്ല. ഭാര്യ ചോദ്യ ഛിഹ്നം പോലെ അടുത്ത്‌ കിടന്ന് സുഖമായി ഉറങ്ങുന്നു. ദുഷ്ട...

ആഗസ്റ്റ്‌ ആറ്‌ ( ഞായറാഴ്ച )

പതിവുപോലെ ഭാര്യയുടെ വക 'പള്ളിയുണര്‍ത്തല്‍'। ( ഞായറാഴ്ച ആയതിനാല്‍ കുറച്ച്‌ താമസിച്ചെന്ന്‌ മാത്രം )പിന്നെ പതിവ്‌ 'ശുചീകരണപ്രവര്‍ത്തനങ്ങള്‍' ( തനിച്ച്‌ ) . പത്രപാരായണം. കാപ്പികുടി. പതിനൊന്നായപ്പോള്‍ മുഹമ്മദ്‌ സജീവിന്‍റെ വീടിന്‍റെ പാലുകാച്ചലിന്‌ പോയി. ഭാര്യ വന്നില്ല. ഉച്ചയോട്കൂടി തിരിച്ചെത്തി. വൈകുന്നേരം നാലിന്‌ ചൈതന്യ കണ്ണാശുപത്രിക്ക്‌ വേണ്ടി ഒരു ഫോട്ടോ ഷൂട്ട്‌. ഫോട്ടോഗ്രാഫര്‍ വിവേക്‌. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ ഫീമെയില്‍ മോഡലിനെ വിവേക്‌ തന്നെ കണ്ടെത്തിതന്നു. ' കുട്ടി മോഡല്‍' എം.ഡി. യുടെ അനിയത്തിയുടെ മകള്‍. ആദ്യമായി ക്യാമറക്ക്‌ മുന്നിലെത്തിപ്പെട്ടതിനാലാവും അവള്‍ക്ക്‌ വല്ലാത്ത അസ്വസ്ത്ഥത. കൂടുതല്‍ കഴ്ടപ്പെടുത്താതെ അവരെ പറഞ്ഞ്‌ വിട്ട്‌ ഫീമെയില്‍ മോഡലിന്‍റെ മോളെ വച്ച്‌ കുറച്ച്‌ സ്നാപ്പെടുത്തു. ഏഴരയോടെ ഷൂട്ട്‌ കഴിഞ്ഞു. തിരിച്ച്‌ സിറ്റിയിലെത്തി 'പോലീസുകാരനുമൊത്ത്‌ കുടിച്ചും കൊറിച്ചും സംസാരിച്ചും ചിരിച്ചും' പിരിഞ്ഞു. വീട്ടിലെത്തി. ഉണ്ടു. ഉറങ്ങി.

Wednesday, January 2, 2008

ഡെയിലിക്കുറിപ്പുകള്‍ ...

ഇന്നലെകളെ മറക്കുവാന്‍ ശീലിച്ചുപോയ ഒരാളാണ്‌ ഞാന്‍. ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടിടുന്നതത്രയും വേദനകളുടെയും, തിക്താനുഭവങ്ങളുടെയും മുള്ളുകളാവുമ്പോള്‍ മറവികളെ നമ്മള്‍ സ്നേഹിച്ച്‌ തുടങ്ങില്ലേ? പലപ്പോഴും മറവികള്‍ നമുക്ക്‌ അനുഗ്രഹമായി തോന്നാറില്ലേ?. പലതിനെയും ബോധപൂര്‍വ്വം നമ്മള്‍ മറക്കാന്‍ ശ്രമിച്ചുപോവില്ലേ? പക്ഷേ, ഇതുവരെ വന്ന വഴികളെ ഞാന്‍ മറന്നിട്ടില്ല. എന്‍റെ നേരേ ഒന്നു പുഞ്ചിരിച്ചവരെ ഞാന്‍ മറന്നിട്ടില്ല. ഗുരുക്കന്‍മാരെ ഞാന്‍ മറന്നിട്ടില്ല. മിത്രങ്ങളെയും കാമുകിമാരേയും ഞാന്‍ മറന്നിട്ടില്ല. ജീവിതത്തിലുണ്ടായ ഒരു നന്‍മകളെയും ഞാന്‍ മറന്നിട്ടില്ല. എങ്കിലും പലതും മറക്കുവാനും ഞാന്‍ മറന്നിട്ടില്ല.

പക്ഷേ, പലപ്പോഴും മറന്നുകളഞ്ഞ പല കാര്യങ്ങളും പിന്നീട്‌ നമുക്ക്‌ ആവശ്യമായി വരാറുണ്ട്‌. അപ്പോള്‍ മറവിയുടെ മാറാലക്കൂട്ടിനുള്ളില്‍ക്കയറി എത്ര പരതിയാലും അവ വെളിവായി വരണമെന്നില്ല. പല തവണ അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെനിക്ക്‌. മറവിയെ അറിയാതെ ശപിച്ചുപോവുന്ന നിമിഷം. അതിന്‌ പരിഹാരമായിട്ടാണ്‌ ഈ കുറിപ്പുകള്‍. ഇവിടെകുറിച്ചിട്ട്‌ മറന്നാല്‍ ആവശ്യമെങ്കില്‍ ഒരു മൌസ്സ്‌ ക്ളിക്കിലൂടെ എനിക്കവ തിരികെ ലഭിക്കുമല്ലോ? ( ജന്‍മസിദ്ധമായ ആരംഭശൂരത്വം കൊണ്ട്‌ കുറിക്കുന്നതില്‍ മുടക്കം വരാതിരുന്നല്‍ മതിയായിരുന്നു )